മികച്ച വിദ്യാഭ്യാസം, കരിയര്‍ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തെ സൈനിക സ്കുളുകളില്‍ അവസരമുണ്ട്. VI, IX ക്ലാസുകളിലേക്കാണ് പ്രവേശനം. ആറാം ക്ലാസില്‍ പെൺകുട്ടികൾക്കും പ്രവേശനം നല്കുന്നു.
സൈനിക് സ്കൂള്‍ സൊസൈറ്റി
പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ സൈനിക് സ്കൂൾ സൊസൈറ്റിക്കാണ് രാജ്യത്തെ 33 സൈനിക സ്കൂളുകളുടെയും നടത്തിപ്പ് ചുമതല. റസിഡൻഷ്യൽ സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഇംഗ്ലീഷാണ് അധ്യയന മാധ്യമം. നാഷണല്‍ ഡിഫൻസ് അക്കാഡമി, നേവല്‍ അക്കാഡമി എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ലക്ഷ്യമാക്കിയാണ് കുട്ടികളുടെ വിദ്യാഭ്യാസം. സി.ബി.എസ്.ഇ സിലബസ് ആണ് സ്കൂള്‍ പിന്തുടരുന്നത്.
പ്രവേശനം
പ്രവേശന പരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് അനുസരിച്ചാണ് പ്രവേശനം. 10-12 പ്രായ പരിധിയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആറാം ക്ലാസിലേക്കും 13-15 പ്രായ പരിധിയിലുള്ള എട്ടാം ക്ലാസ് വിജയിച്ച ആൺകുട്ടികൾക്ക് മാത്രം ഒൻപതാം ക്ലാസിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ
സൈനിക സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്താനുള്ള ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്ക് ആണ്. പ്രവേശന നടപടികള്‍ പൂർണ്ണ മായും ഓൺലൈൻ വഴിയാണ്. വിലാസം https://aissee.nta.nic.in അപേക്ഷ ഫീസ് - പൊതു വിഭാഗത്തിനും സൈനികരുടെയും വിമുക്ത ഭടന്മാരുടെയും മക്കൾക്കും 550 രൂപ. പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിന് 400 രൂപ. ഒരാൾക്ക് ഒരു സൈനിക സ്കൂളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. രാജ്യത്തെ ഏത് സൈനിക് സ്കൂളിലേക്കും അപേക്ഷ സമർപ്പി ക്കാവുന്നതാണ്.
പരീക്ഷ
പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയാണ്. അപേക്ഷിക്കേണ്ട വിലാസം https://aissee.nta.nic.in . ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാവുന്നതാണ്. ഒൻപതാം ക്ലാസിലേക്കുള്ള പരീക്ഷ മാധ്യമം പൂർണ്ണമായും ഇംഗ്ലീഷാണ്. പരീക്ഷയുടെ സിലബസ് തീരുമാനിക്കുന്നത് സൈനിക് സ്കൂള്‍ സൊസൈറ്റിയാണ്.
സിലബസ്
ക്ലാസ് VI - കണക്ക് 50x3, ഇന്റലിജൻസ് 25x2, ഭാഷാനൈപുണ്യം 25x2, പൊതു വിജ്ഞാനം 25x2. ആകെ 125 ചോദ്യങ്ങള്‍. ആകെ മാർക്ക് 300. സമയം 150 മിനിറ്റ് ക്ലാസ് IX - കണക്ക് 50x4, ഇന്റലിജൻസ് 25x2, ഇംഗ്ലീഷ് 25x2, ജനറല്‍ സയൻസ് 25x2, സോഷ്യല്‍ സയൻസ് 25x2. ആകെ 150 ചോദ്യങ്ങള്‍. ആകെ മാർക്ക് 400. സമയം 180 മിനിറ്റ്. നെഗറ്റീവ് മാർക്ക് ഇല്ല. പ്രവേശന പരീക്ഷയില്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 25% മാർക്ക് ഉൾപ്പെടെ ആകെ 40% മാർക്ക് നേടിയിരിക്കണം. പട്ടികജാതി/പട്ടികവർഗ അപേക്ഷകർക്ക് മാർക്ക് നിബന്ധനയില്ല. മുന്‍ വർഷത്തെ ചോദ്യപ്പേപ്പറുകൾക്കായി www.nta.ac.in സന്ദർശിക്കുക. ഏറ്റവും അടുത്തുള്ള പരീക്ഷ സെന്റര്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെങ്കിലും മതിയായ എണ്ണം അപേക്ഷകര്‍ ഇല്ലെങ്കിൽ പകരം തൊട്ടടുത്ത സെന്ററായിരിക്കും അനുവദിക്കുക.
റിസൽട്ട്
https://aissee.nta.nic.in ല്‍ റിസൽട്ട് പ്രഖ്യാപിക്കുന്നതാണ്. ഉത്തര സൂചികയും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് (OMR) പരിശോധിച്ച് തെറ്റുണ്ടെങ്കിൽ ചോദ്യം ഒന്നിന് 100 രൂപ നിരക്കിൽ ഫീസടച്ച് ചലഞ്ച് ചെയ്യാനും അവസരമുണ്ട്. ഉത്തരസൂചികയും ഇപ്രകാരം ചലഞ്ച് ചെയ്യാം. ചോദ്യം ഒന്നിന് ഫീസ് 200 രൂപ. ശരിയെന്ന് കാണുന്ന പക്ഷം തിരുത്തി സൈറ്റിൽ തന്നെ അപ്ഡേറ്റ് ചെയ്യും. റീവാല്വേഷൻ, റീ ചെക്കിംഗ് എന്നിവ ഉണ്ടായിരിക്കുന്നതല്ല. മാർക്ക് തുല്യമാകുന്ന പക്ഷം കണക്ക്, ഇന്റലിജൻസ്, ഭാഷ, പൊതു വിജ്ഞാനം എന്ന ക്രമത്തിൽ ലഭിക്കുന്ന മാർക്കും പ്രായക്കുറവും പരിഗണിച്ചായിരിക്കും റാങ്ക് നിശ്ചയിക്കപ്പെടുക.
സീറ്റ് റിസർവേഷൻ
ഓരോ സൈനിക് സ്കൂളും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ അപേക്ഷകർക്ക് ആകെ സീറ്റുകളുടെ 67 ശതമാനം സംവരണം ചെയ്തിരിക്കുന്നു. ശേഷിക്കുന്ന 33 ശതമാനം സീറ്റുകൾ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി നീക്കി വച്ചിരിക്കുന്നു. (ഇതിൽ തന്നെ ഒരു സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശത്തിന് പരമാവധി ലഭിക്കുന്ന സീറ്റുകൾ 25 ശതമാനമായി നിജപ്പെടുത്തിയിട്ടുമുണ്ട്). ഇരുപകുതികളിൽ നിന്നും വീണ്ടും പട്ടികജാതി വിഭാഗത്തിന് 15% പട്ടികവർഗ വിഭാഗത്തിന് 7.5% പിന്നാക്ക വിഭാഗത്തിന് 27% എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു. (ആകെ 49.5%) ശേഷിക്കുന്ന 50.5 ശതമാനത്തിൽ സൈനികരുടെയും വിമുക്ത ഭടന്മാരുടെയും മക്കൾക്കായി 25% സംവരണം ചെയ്തിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായി നീക്കി വച്ചിട്ടുള്ള 33% സീറ്റിൽ നിന്ന് സംവരണ വിഭാഗത്തിന് മാറ്റിവച്ചിട്ടുള്ള സീറ്റിലേക്ക് യോഗ്യരായ ആളില്ലെങ്കിൽ ആ സീറ്റുകളും അതാത് സംസ്ഥാനങ്ങളിലെ സംവരണ വിഭാഗത്തിന് നൽകുന്നതാണ്. സൈനികരുടെയും വിമുക്ത ഭടൻമാരുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാർത്ഥികളില്ലെങ്കിൽ അസം റൈഫിൾസ്, കോസ്റ്റ് ഗാർഡ് എന്നീ സേനകളിലെ സൈനികരുടെ മക്കൾക്ക് നൽകും. എന്നാലിവർക്ക് അപേക്ഷിക്കുന്ന സമയത്ത് സംവരണത്തിന് അവകാശമുന്നയിക്കാൻ കഴിയില്ല. സംവരണ വിഭാഗത്തിൽപ്പെട്ട കുട്ടികൾ മെറിറ്റിൽ പ്രവേശനം നേടിയാൽ അത് മെറിറ്റിൽ തന്നെ പരിഗണിക്കപ്പെടും. സംവരണ വിഭാഗത്തിന് സീറ്റ് നഷ്ടപ്പെടില്ല എന്നർത്ഥം. ആറാം ക്ലാസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കായി ഓരോ സ്കൂളിലെയും ആകെ സീറ്റുകളുടെ 10% അല്ലെങ്കിൽ 10 സീറ്റ് ഏതാണോ കൂടുതൽ അത് നീക്കിവച്ചിട്ടുണ്ട്. മാത്രമല്ല ഓരോ വിഭാഗത്തിലും ഒരു പെൺകുട്ടിയെങ്കിലും പ്രവേശനം നേടിയിരിക്കണമെന്ന് നിഷ്കർഷിക്കുന്നുമുണ്ട്.
ട്യൂഷൻ ഫീസ്
പ്രതിവർഷം ഒന്നേകാൽ ലക്ഷം രൂപ വരെ ഫീസ് പ്രതീക്ഷിക്കാം. യോഗ്യരായ വിദ്യാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആശംസകൾ

0 Comments